Welcome to Calicut Hajj
ഹജ്ജ്, ഉംറ: ശ്രേഷ്ഠതയും മഹത്വവും
പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന് ഹജ്ജ് നിര്വ്വഹിച്ചില്ലെങ്കില് അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല. അശ്റഫുല് ഖല്ഖായ നബി(സ്വ)യുടെ ശക്തമായ താക്കീത് ഇക്കാര്യത്തിന്റെ ഗൌരവം വ്യക്തമാക്കിത്തരുന്നു. അവിടുന്ന് പറഞ്ഞു: “ഒരാള്‍ ക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം ആദിയായ സൌകര്യങ്ങള്‍ ലഭ്യമായിട്ടും ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവന് ജൂതനോ നസ്വ്റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല” (തിര്‍മുദി). ഇസ്ലാമിലെ മറ്റ് ആരാധനകളെ അപേക്ഷിച്ച് കൂടുതല്‍ സാഹസം ആവശ്യമായതാണ് ഹജ്ജ്. നിസ്കാരത്തില്‍ ശാരീരികാധ്വാനവും മനസാന്നിധ്യവും വിനിയോഗിക്കുന്നു. വ്രതാനുഷ്ഠാനത്തിലാകട്ടെ ശാരീരികാധ്വാനമാണ് പ്രധാനം. സകാത് കര്‍മ്മത്തില്‍ ധനവ്യയം മാത്രമേയുള്ളൂ. എന്നാല്‍ ഹജ്ജ് കര്‍മ്മത്തില്‍ ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമര്‍പ്പണം എന്നീ മൂന്നു വിഷയങ്ങളും ഒരുമിച്ച് വിനിയോഗിക്കപ്പെടുന്നു. ഇതുപോലെ ഇവ മൂന്നും ഉപയോഗപ്പെടുത്തുന്ന മറ്റൊരു ആരാധനയും ഇസ്ലാമിലില്ല. മറ്റ് ആരാധനകള്ക്കൊന്നും പ്രഖ്യാപിക്കപ്പെടാത്ത മഹത്തായ പ്രതിഫലങ്ങളും നേട്ടങ്ങളും വിജയങ്ങളും ഹജ്ജ് കര്‍മ്മത്തിനു ലഭിക്കുമെന്ന് പ്രമാണങ്ങളില്‍ വന്നിരിക്കുന്നു. മഹാനായ നബി(സ്വ) പറഞ്ഞു: “മബ്റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല”. “അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വ്വഹിച്ചാല്‍ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് വിമുക്തമാകുന്നതാണ്”. “ഹജ്ജ് കര്‍മ്മം അതിന് മുമ്പ് വന്നുപോയ സര്‍വ്വ പാപങ്ങളും തകര്‍ത്ത് കളയുന്നതാണ്”. സ്ത്രീകളുടെ ജിഹാദ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജിഹാദിന് സമാനമാണ്. ഹജ്ജ് കര്‍മ്മമെന്ന് പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്. ബീവി ആഇശ(റ)യുടെ ഒരു ചോദ്യത്തിനുത്തരമായി അവിടുന്ന് പറയുകയുണ്ടായി. “ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, സ്ത്രീകള്‍ക്ക് ജിഹാദ് ബാധ്യതയുണ്ടോ?” അവിടുന്ന് പറഞ്ഞു: “അവര്‍ക്ക് പോരാട്ടമില്ലാത്ത ജിഹാദാണുള്ളത്. ഹജ്ജും ഉംറയും.” “മുഴുവന്‍ ദുര്ബലര്ക്കുമുള്ള ജിഹാദാകുന്നു ഹജ്ജ്.” “മറ്റ് ആരാധനകളുടെയും ഹജ്ജിന്റെയും ശ്രേഷ്ഠതാവ്യത്യാസം ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും ഇടയിലുള്ള വ്യത്യാസം പോലെയാണ്”. “ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്. അവരെ അവന് വിളിച്ചുവരുത്തിയതാണ്. അവര്‍ വല്ലതും ചോദിച്ചാല്‍ അവന് സ്വീകരിക്കും. പശ്ചാതപിച്ചാല് പൊറുത്തുകൊടുക്കും”. “ഹാജിക്കും ഹാജി ആര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവോ അവര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കും”. ഹജ്ജ് ചെയ്യുന്നവന് തന്റെ കുടുംബത്തിലെ നാനൂറ് പേര്‍ക്ക് ശിപാര്‍ശ നടത്തിയാല്‍ സ്വീകരിക്കപ്പെടും. “ഏറ്റവും ശ്രേഷ്ഠമായ ആരാധന ഏതാണെന്ന് നബി(സ്വ)യോട് ചോദിക്കപ്പെട്ടു.
Hajj

Umrah

Ziyarth Toor




